Monday, 7 October 2013

കുരുക്ഷേത്രം                                                                                                                                                                                                                                                                              
കുരുക്ഷേത്രമാണിത് കലിയുഗ കുരുക്ഷേത്രം
കല്‍മ്മഷം പേറുന്ന മനുഷ്യര്‍തന്‍ കുരുക്ഷേത്രം
കര്‍ണ്ണനും അര്‍ജുന്‍മാരും മത്സരിക്കുന്ന
കിരാതമാം ധര്‍മ്മച്യുതിതന്‍ കുരുക്ഷേത്രം
സൌഹൃദങ്ങളില്ലിവിടെ ഉള്ളത് ചതികള്‍ മാത്രം
സത്യങ്ങളില്ലിവിടെ ഉള്ളത് നുണകള്‍ മാത്രം
സാഹോദര്യമില്ലിവിടെ ഉള്ളത് മാത്സര്യം മാത്രം 
സ്വപ്നങ്ങളില്ലിവിടെ ഉള്ളത് സ്വാര്‍ത്ഥ മാത്രം
സൌക്യങ്ങളില്ല സുഖങ്ങളില്ല
സൗമ്യതയില്ല സല്ലാപങ്ങളില്ലാ
ശിരസ്സുയര്‍ത്തുവാന്‍ നേരമില്ലാ
ശകുനിമാര്‍ തന്‍ കുതന്ത്രങ്ങള്‍ മാത്രം
വര്‍ണ്ണങ്ങള്‍ തമ്മില്‍ കൊത്തിപ്പറിക്കുന്നു
വണ്ണാനും പറയനും പടികയറുമ്പോള്‍
വര്‍ണ്ണമേല്‍ക്കോയ്മ പെരുവഴിതെണ്ടുന്നു
വര്‍ണ്ണതിമിരത്തിന്‍ ഇതു ബാക്കിപത്രം
ഗാന്ധാരപാഷാണം ഒഴുകിയെത്തുമ്പോള്‍
ഗംഗാതടങ്ങളില്‍ വിഷവിത്തു പാകുന്നു
ഗാന്ധാരിമാര്‍ വാവിട്ടുകരയുമ്പോള്‍
ഗാന്ധാരദേശത്തവര്‍ അട്ടഹസിച്ചു ചിരിക്കുന്നു
തെരുവിലെ തെമ്മാടി ദുശാസനന്‍മാര്‍
തെരുവില്‍ കൃഷ്ണയെ വലിച്ചെറിയുമ്പോള്‍
തിരിഞ്ഞുനോക്കുന്നില്ല അര്‍ജുനന്മാര്‍
തലതിരിഞ്ഞ നീതിപീഠവും മുഖംമറക്കുന്നു
അപരാധസന്തതിമാര്‍ തമ്മില്‍ കലഹിച്ചു 
അധികാര സൗധങ്ങള്‍ വെട്ടിപിടിക്കുമ്പോള്‍
അരുതെന്നുരക്കുവാന്‍ മാതൃത്വം അശക്തരാകുന്നു
അഭിമന്യു ചക്രവ്യുഹത്തില്‍ വീണ്ടും ഉഴലുന്നു 
മതങ്ങള്‍ തന്‍ ശീതളച്ചായയില്‍
മരതകകൊട്ടാരത്തില്‍ ഇരുന്നവര്‍
മണ്ണിന്‍ മക്കളെ കുരുതി കൊടുക്കുന്നു
മനുഷ്യന്‍ മൃഗങ്ങളായ്‌ മാറുന്നു
ഒരു കോപ്പ ചാരായം മോന്തികുടിക്കുവാന്‍
ഒന്നും മടിക്കാതെ ചെയ്യുന്ന വോട്ടിനാല്‍
ധര്‍മവും നീതിയും മേല്‍ക്കുമേല്‍ തോല്‍കുന്നു
കലിയുഗ കുരുക്ഷേത്രയുദ്ധം തുടരുന്നു
ജയപ്രകാശ്‌ ഇ.പി

No comments: